എസ്.ബി.ഐ – ബ്രഹ്‌മഗിരി ധാരണാപത്രം ഒപ്പിട്ടു

എസ്.ബി.ഐ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് വക്കിയില്‍, ബ്രഹ്‌മഗിരി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ് എന്നിവര്‍ ധാരണാപത്രം കൈമാറുന്നു

കല്‍പറ്റ: കേരളത്തിലെ കാര്‍ഷിക – വ്യാവസായിക വ്യാപാര മേഖലകളില്‍ സംരംഭക വികസനം ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന സംരംഭക വായ്പ പദ്ധതിയുടെ ഭാഗമായി എസ്.ബി.ഐ.യും ബ്രഹ്‌മഗിരിയും ധാരണാപത്രം ഒപ്പിട്ടു. എസ്.ബി.ഐ. ജനറല്‍ മാനേജര്‍ തലച്ചില്‍ ശിവദാസ്, ബ്രഹ്‌മഗിരി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.ബി.ഐ. ഡെപ്യൂട്ടീ ജനറല്‍ മാനേജര്‍ സുരേഷ് വക്കിയില്‍, ബ്രഹ്‌മഗിരി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ് എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്.
സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ബ്രഹ്‌മഗിരിയും ഇന്ത്യയിലെ ഏറ്റുവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒപ്പിട്ട കരാര്‍ കേരളത്തിന്റെ കാര്‍ഷിക വ്യാവസായിക വ്യാപാര വികസനത്തില്‍ മുതല്‍ക്കൂട്ടാകുന്ന പുതിയ കാല്‍വെപ്പാണെന്ന് ബ്രഹ്‌മഗിരി ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ് പറഞ്ഞു. ഈ പദ്ധതിയിലൂടെ 2022-23 വര്‍ഷത്തില്‍ 100 കോടി രൂപയുടെ വായ്പ ഉറപ്പുവരുത്തി അധിക തൊഴിലും വരുമാനവും സൃഷ്ടിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന സംരംഭക സംസ്‌ക്കാരമുള്ള ബ്രഹ്‌മഗിരിയുമായുള്ള സഹകരണം ബാങ്കിങ് സേവനങ്ങളിലൂടെ രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം നേടാന്‍ സഹായകരമാകുമെന്ന് എസ്.ബി.ഐ ജനറല്‍ മാനേജര്‍ തലച്ചില്‍ ശിവദാസ് പറഞ്ഞു.
എസ്.ബി.ഐ യുടെ വായ്പാ പദ്ധതികള്‍ ബ്രഹ്‌മഗിരി മുഖേനെ കേരളത്തിലാകെ സംരംഭകര്‍ക്ക് ലഭ്യമാക്കാനാവും. പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കാനായി കല്‍പ്പറ്റയില്‍ ബ്രഹ്‌മഗിരി ബാങ്കബിള്‍ പ്രൊജക്റ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, സംരംഭക സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രൊജക്റ്റ് സെല്ലിന്റെ സേവനം ലഭ്യമാകും. പദ്ധതികള്‍ വിലയിരുത്തി ബ്രഹ്‌മഗിരി ബാങ്കബിള്‍ പ്രോജക്റ്റ് സെല്‍ നല്‍കുന്ന ശുപാര്‍ശകളിലാണ് ബാങ്ക് വായ്പ നല്‍കുക.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക-വ്യാവസായികവ്യാപാര മേഖലകളില്‍ പ്രഖ്യാപിച്ച സബ്‌സിഡികള്‍ ബ്രഹ്‌മഗിരിയിലൂടെ സംരംഭകര്‍ക്ക് ലഭ്യമാകും. 10 ലക്ഷം വരെയുള്ള മുദ്ര ലോണ്‍ ജാമ്യമില്ലാതെ ലഭിക്കും. പദ്ധതി അടിസ്ഥാനത്തില്‍ ആവശ്യമായ മൂലധനം ഉയര്‍ന്ന പരിധിയില്ലാതെ വായ്പയായി ലഭ്യമാക്കും. പട്ടിക ജാതി പട്ടിക ജാതി-വര്‍ഗക്കാര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, യുവാക്കള്‍ തുടങ്ങിയ മുന്‍ഗണന വിഭാഗങ്ങള്‍ക്ക് 35-40 ശതമാനം വരെ സബ്‌സിഡി വിവിധ സ്‌കീമുകളില്‍ ലഭിക്കും.
നിലവില്‍ ബ്രഹ്‌മഗിരി വ്യാപാര ഔട്ട്‌ലെറ്റുകള്‍, മൃഗ പരിപാലന ഫാമുകള്‍ കാര്‍ഷിക-വ്യാവസായിക സംസ്‌ക്കരണ സംരംഭങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കും പുതിയതായി ബ്രഹ്‌മഗിരിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആരംഭിക്കുന്നവര്‍ക്കും വായ്പ ലഭ്യമാക്കുന്നതാണ്. നിലവില്‍ വായ്പ എടുത്ത എന്നാല്‍ എന്‍.പി.എ (നോണ്‍ പെര്‍ഫോര്‍മിങ് അക്കൗണ്ട്) അല്ലാത്തവര്‍ക്കും സംരംഭ-വിപുലീകരണത്തിന് അധിക വായ്പ ലഭിക്കും.
കോഴിക്കോട് എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നടന്ന പരിപാടിയില്‍ എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ ധന്യ സദാനന്ദന്‍, ബ്രഹ്‌മഗിരി എച്ച്.ആര്‍ ജനറല്‍ മാനേജര്‍ ജോബി ആന്റണി, അസ്സി. മാനേജര്‍മാരായ ഡോ. ഫിദല്‍ കെ.വി, പുരുഷോത്തമന്‍ കെ.കെ, പി.ആര്‍.ഒ അജയഘോഷ് എന്നിവര്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ www.brahmagiri.org യില്‍ ലഭിക്കും. ഫോണ്‍ 9947772226, 9645204942

0Shares

Leave a Reply

Your email address will not be published.

Social profiles