ദുരിതം കാണാന്‍ ആരുമില്ലെന്ന ആകുലതയില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍

കല്‍പറ്റ- ദുരിതം കാണാന്‍ ആരുമില്ലെന്ന ആകുലതയില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍. പാലിനു ഉല്‍പാദനച്ചെലവിനു ആനുപാതികമായ വില ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരും മില്‍മയും ഉദാസീനത കാട്ടുന്നത് ക്ഷീര കര്‍ഷകരുടെ മനസ്സില്‍ തീ കോരിയിടുകയാണ്. ക്ഷീര മേഖലയോടുള്ള ഭരണാധികാരികളുടെ അവഗണനയ്‌ക്കെതിരെ സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്ഷീരവൃത്തി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ കര്‍ഷകര്‍. 30നു പശുക്കളുമായി എത്തി കല്‍പറ്റ നഗരത്തില്‍ പ്രകടനവും ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണയും നടത്താന്‍ മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങള്‍ മുഖേന നല്‍കുന്ന പാല്‍ ലിറ്ററിനു ശരാശരി 35 രൂപയാണ് കര്‍ഷകര്‍ക്കു വില ലഭിക്കുന്നത്. ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതല്ല ഈ വില. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിനു 45 രൂപ വരെയാണ് നിലവില്‍ ചെലവ്. ഓരോ ലിറ്റര്‍ പാലും 10 രൂപ നഷ്ടത്തിലാണ് കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ക്കു നല്‍കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിനു 40.17 രൂപ ചെലവുണ്ടെന്നാണ് ലിഡ ജേക്കബ് കമ്മീഷന്‍ 2018ല്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുകയാണ്. 2017ലാണ് ഏറ്റവും ഒടുവില്‍ പാല്‍ വില കൂട്ടിയത്.
സമീപകാലത്തു കാലിത്തീറ്റ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. മാസങ്ങള്‍ മുമ്പ് കാലിത്തീറ്റ 50 കിലോഗ്രാം ചാക്കിനു 800 രൂപയായിരുന്നു വില. നിലവിലതു 1,500 രൂപയായാണ്. പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയുടെ വിലയും ഓരോ വര്‍ഷവും കൂടുകയാണ്. ഈ സാഹചര്യത്തിലും അന്നം മുട്ടാതിരിക്കുന്നതിനാണ് കര്‍ഷകരില്‍ പലരും ക്ഷീരവൃത്തിയില്‍ തുടരുന്നത്. കാലാവസ്ഥയിലെ പിഴവുകള്‍, രോഗങ്ങള്‍ എന്നിവ മൂലം കുരുമുളക് അടക്കം കൃഷിയിടത്തിലെ ദീര്‍ഘകാല വിളകള്‍ നശിക്കുകയും തന്നാണ്ടു കൃഷികള്‍ തുടര്‍ച്ചയായി കൊടിയ നഷ്ടത്തില്‍ കലാശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ക്ഷീരവൃത്തിയിലേക്കു തിരിഞ്ഞത്. ജില്ലയില്‍ 25,000ല്‍പരം കുടുംബങ്ങളാണ് ഉപജീവനത്തിനു ക്ഷീരവൃത്തിയെ നേരിട്ടു ആശ്രയിക്കുന്നത്. പരോക്ഷമായി ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരും. നിലവില്‍ ജില്ലയില്‍ സംഘടിത മേഖലയില്‍ മാത്രം പ്രതിദിനം ഏകദേശം അഞ്ചര ലക്ഷം ലിറ്റര്‍ പാലാണ് ഉല്‍പാദിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം ലിറ്റര്‍ പാലാണ് അസംഘടിത മേഖലയിലെ ഉത്പാദനം. 2002-2003ല്‍ ജില്ലയിലെ ക്ഷീരസംഘങ്ങളിലായി വാര്‍ഷിക പാല്‍ സംഭരണം ഏകദേശം രണ്ടു കോടി ലിറ്ററായിരുന്നു. ഇപ്പോഴത് ഏകദേശം ഒമ്പതു കോടി ലിറ്ററാണ്. 55 ആപ്‌കോസ് ക്ഷീര സംഘങ്ങളും ഒരു പരമ്പരാഗത സംഘവും ജില്ലയിലുണ്ട്. ബത്തേരിയിലാണ് പരമ്പരാഗത സംഘം.
ക്ഷീര കര്‍ഷകരെ മില്‍മയും സഹകരണ സംഘങ്ങളും ചൂഷണം ചെയ്യുകയാണെന്നു മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മത്തായി പുള്ളോര്‍ക്കുടി, വൈസ് പ്രസിഡന്റ് എം.ആര്‍.ജനകന്‍, സെക്രട്ടറി വിമല്‍മിത്ര വാഴവറ്റ, ജോയിന്റ് സെക്രട്ടറി പി.എന്‍.രാജന്‍ എന്നിവര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ പാല്‍വില ലിറ്ററിനു അഞ്ചു രൂപ വര്‍ധിപ്പിച്ചപ്പോള്‍ 1.10 രൂപയാണ് കര്‍ഷകരിലെത്തിയത്. മില്‍മയ്ക്കും ക്ഷീര സംഘങ്ങള്‍ക്കുമാണ് ബാക്കി തുക ലഭിച്ചത്. ഈ സാഹചര്യം മാറണം. പാലിന്റെ വില്‍പന വിലയ്ക്കു പകരം സംഭരണ വില വര്‍ധിപ്പിച്ചാലേ കര്‍ഷകര്‍ക്കു ഗുണം ലഭിക്കൂ. ഉല്‍പാദിപ്പിക്കുന്ന കമ്പനിയുടെ പേരും തൂക്കവും വിലയും രേഖപ്പെടുത്താത്ത ചാക്കുകളിലെത്തുന്ന കാലിത്തീറ്റകളാണ് ചില സംഘങ്ങളിലൂടെ കര്‍ഷകര്‍ക്കു ലഭിക്കുന്നത്.
കാലിത്തീറ്റ വില നിയന്ത്രിക്കുകയും 50 ശതമാനം സബ്‌സിഡിയോടെ കര്‍ഷകര്‍ക്കു ലഭ്യമാക്കുകുകയും ചെയ്യേണ്ടത് ക്ഷീര മേഖലയുടെ സംരക്ഷണത്തിനു അവശ്യമാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പാലിന്റെ വില, ഗുണനിലവാര നിര്‍ണയ രീതി പുനഃപരിശോധിക്കുക, ക്ഷീര കര്‍ഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധന ഉറപ്പുവരുത്തുക, കറവമാടുകള്‍ക്കു സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് 30ലെ സമരമെന്നു അവര്‍ അറിയിച്ചു. പാലിനു ന്യായ വില ഉറപ്പുവരുത്തുന്നതിനു രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള കര്‍ഷക സംഘടനകള്‍ ശക്തമായി ഇടപെടണമെന്നു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Social profiles