ആര്‍ദ്രകേരളം പുരസ്‌കാരം: ഒന്നാമതെത്തി നൂല്‍പ്പുഴ പഞ്ചായത്ത്

നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം.

കല്‍പറ്റ-ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം നൂല്‍പ്പുഴ പഞ്ചായത്തിന്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തായാണ് നൂല്‍പ്പുഴയെ തെരഞ്ഞെടുത്തത്. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.നൂല്‍പ്പുഴ കടുംബാരോഗ്യകേന്ദ്രത്തില്‍ പട്ടികവര്‍ഗ വിഭാഗം രോഗികള്‍ക്കായി ഒരുക്കിയ ടെലി മെഡിസിന്‍ പദ്ധതി, ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറാപ്പി സെന്റര്‍, ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ഗോത്ര സ്പര്‍ശം ആരോഗ്യ പദ്ധതി, ഇ ഹെല്‍ത്ത്, ആദിവാസി ഗര്‍ഭിണികള്‍ക്കായി സജ്ജമാക്കിയ പ്രസവപൂര്‍വഗൃഹം, പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയും ആയുര്‍വേദ ആശുപത്രിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നൂല്‍പ്പുഴ പഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിന് അര്‍ഹമാക്കിയത്.
ജില്ലാതലത്തില്‍ എടവക പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം മുട്ടില്‍, അമ്പലവയല്‍ പഞ്ചായത്തുകള്‍ക്കാണ്.

Leave a Reply

Your email address will not be published.

Social profiles