ബാണാസുര ഡാമിലെ ജലനിരപ്പ് ഉയരുന്നു; മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു

മന്ത്രി ഏ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തിര കാലാവസ്ഥ അവലോകന യോഗം.

കല്‍പറ്റ: കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ മന്ത്രി ഏ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ബാണാസുരസാഗര്‍ ഡാം ജലനിരപ്പുയര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടുമാണെങ്കിലും കനത്ത മഴ മുന്നില്‍ കണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ബാണാസുരസാഗര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാതരത്തിലുമുള്ള സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കണം. മികച്ച ജാഗ്രതയോടെ കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ബാണാസുരസാഗറില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലത്തെ അളവിനെ അപേക്ഷിച്ച് ഇന്ന് വളരെ കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയോടെ റെഡ് അലര്‍ട്ട് ആവാനുള്ള സാധ്യതയുണ്ടെങ്കിലും അപ്പര്‍ റൂള്‍ ലെവലിലെത്തിയശേഷം പകല്‍ സമയത്തു മാത്രമേ ഡാം തുറക്കുകയുള്ളൂവെന്നും ഡാം തുറന്നാലും ദുരന്ത സാധ്യതകളിലെന്നും ജില്ലാ കളക്ടര്‍ എ. ഗീത യോഗത്തില്‍ അറിയിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായും ജില്ലയില്‍ വെള്ളം കയറാനും മണ്ണിടിച്ചിലും സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചതായും കളക്ടര്‍ പറഞ്ഞു. പ്രളയത്തില്‍ മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ സംവിധാനം ഉണ്ടാക്കണമെന്നു ടി. സിദ്ദിഖ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം എന്‍.ഐ ഷാജു, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് 773.10 മീറ്റര്‍

ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍ ലെവല്‍. 775.60 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 170.75 എം.സി.എം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. സംഭരണ ശേഷിയുടെ 84.95 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 119.95 എം.സി.എം ആയിരുന്നു. (59.67 ശതമാനം). കാരാപ്പുഴ ഡാമില്‍ 758.25 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 763 മീറ്ററാണ് സംഭരണ ശേഷി. മൂന്ന് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 12.23 ഘനമീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി വിവരങ്ങള്‍

ജില്ലയില്‍ ആകെ 14 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 773 പേര്‍ വൈത്തിരി താലൂക്കില്‍ 6 ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 188 പേര്‍ മാനന്തവാടി താലൂക്കില്‍ 2 ക്യാമ്പുകളിലായി 60 കുടുംബങ്ങളിലെ 278 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 7 ക്യാമ്പുകളിലായി 83 കുടുംബങ്ങളിലെ 307 പേര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles