‘കെഎസ്ആര്‍ടിസി വയനാട്ടില്‍ നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും’

സുല്‍ത്താന്‍ ബത്തേരി: വിനോദ സഞ്ചാരികള്‍ക്കായി വയനാട്ടില്‍ കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ബത്തേരിയില്‍ നിര്‍മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കവെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം.
യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷനെന്നു മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിനു മുന്തിയ പരിഗണന നല്‍കും.
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നോര്‍ത്ത് സോണ്‍ പി.എം. ഷറഫ് മുഹമ്മദ്, ബജറ്റ് ടൂറിസം സെല്‍ ചീഫ് ട്രാഫിക് മാനേജര്‍ എന്‍.കെ. ജേക്കബ് സാം ലോപസ്, ക്ലസ്റ്റര്‍ ഓഫീസര്‍ ജോഷി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് വിശ്രമ മന്ദിരം നിര്‍മിച്ചത്.
നൈറ്റ് ജംഗിള്‍ സഫാരി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍നിന്നാണ് യാത്ര ആരംഭിക്കുക. പുല്‍പ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റര്‍ യാത്ര ചെയ്യാം. വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെയാണ് യാത്ര. ഒരാള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
ചുരുങ്ങിയ ചെലവില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനാണ് ബജറ്റ് ടൂറിസം സെല്‍ സ്ലീപ്പര്‍ ബസ് ഒരുക്കിയത്. ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ എസി ഡോര്‍മിറ്ററികളാണ് സ്ലീപ്പര്‍ ബസിലുള്ളത്. കുടുംബസമേതം താമസിക്കാനായി പ്രത്യേകം രണ്ട് എസി മുറികളും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് 150 രൂപ നിരക്കില്‍ സ്ലീപ്പര്‍ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയില്‍ മൂന്ന് ബസുകളാണ് ഒരുക്കിയത്. ആകെ 32 പേര്‍ക്ക് താമസിക്കാം.

0Shares

Leave a Reply

Your email address will not be published.

Social profiles