ശുദ്ധജല മത്സ്യകൃഷി പ്രതിസന്ധിയില്‍

കല്‍പറ്റ: കുളങ്ങളില്‍ വളര്‍ത്തുന്ന മീന്‍ ഇനങ്ങളോടുള്ള പ്രിയം ഉപഭോക്താക്കളില്‍ ഗണ്യമായി കുറഞ്ഞത് വയനാട്ടില്‍ ശുദ്ധജല മത്സ്യകൃഷിക്കു തിരിച്ചടിയായി. മീന്‍ ആദായകരമായ വിലയില്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മത്സ്യകൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്. മീന്‍ വളര്‍ത്തല്‍ ശാസ്ത്രീയമാക്കാനും ന്യായവില ഉറപ്പുവരുത്താനും ഫിഷറീസ് വകുപ്പ് സത്വര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ജില്ലയില്‍ ശുദ്ധജല മത്സ്യകൃഷി സമീപഭാവിയില്‍ നാമമാത്രമാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ കര്‍ഷകര്‍ക്കിടയില്‍ നിരവധി.
ഉപജീവനമാര്‍ഗമെന്ന നിലയില്‍ മത്സ്യകൃഷി നടത്തുന്ന കര്‍ഷകരെല്ലാംതന്നെ കൈ പൊള്ളിയ അവസ്ഥയിലാണ്. ചെറുതും വലുതും അടക്കം കുളങ്ങളില്‍ വളര്‍ത്തുന്ന കട്‌ല, രോഹു, ചെമ്പല്ലി, ഗ്രാസ്‌കാര്‍പ്, അസംവാള, ഗിഫ്റ്റ് തിലാപ്പിയ, ചിത്രാലാട, ചെമ്പല്ലി, വരാല്‍, കാളാഞ്ചി തുടങ്ങിയ മീന്‍ ഇനങ്ങള്‍ക്കു ഉത്പാദനച്ചെലവിനു ഒത്ത വില വിപണിയില്‍ ലഭിക്കുന്നില്ല. കടല്‍ മത്സ്യങ്ങള്‍ പ്രാദേശിക വിപണികളില്‍ നന്നായി വിറ്റഴിയുമ്പോള്‍ ശുദ്ധജലാശയങ്ങളില്‍ വിളയുന്ന മത്സ്യങ്ങളോടു ഉപഭോക്താക്കള്‍ മുഖം തിരിക്കുകയാണ്.
കുളങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മീന്‍ ഇനങ്ങളില്‍ പലതിനും അടുത്തകാലം വരെ ആവശ്യക്കാര്‍ ഏറെയായിരുന്നു. അസംവാള, ഗിഫ്റ്റ് തിലാപ്പിയ, ചെമ്പല്ലി തുടങ്ങിയ ഇനങ്ങള്‍ കിലോഗ്രാമിനു ശരാശരി 300 രൂപ വില ലഭിച്ചിരുന്നു. വരാല്‍, കാളാഞ്ചി തുടങ്ങിയ ഇനങ്ങള്‍ക്കു കിലോഗ്രാമിനു 500 രൂപയ്ക്കും മുകളിലായിരുന്നു വില. എന്നാല്‍ നിലവില്‍ മിക്ക ഇനം മീനുകളും കിലോഗ്രാമിനു 100 രൂപയില്‍ താഴെ വിലയിട്ടിട്ടും വേണ്ടവിധം വിറ്റുപോകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ നിലവില്‍ ഏകദേശം 400 ഹെക്ടറില്‍ മത്സ്യകൃഷിയുണ്ട്. അയ്യായിരത്തിനടുത്താണ് മത്സ്യക്കര്‍ഷകരുടെ എണ്ണം. ഏകദേശം 450 ടണ്‍ ആണ് പ്രതിവര്‍ഷ മത്സ്യ ഉത്പാദനം. കുളങ്ങള്‍ക്കുപുറമേ പ്രവര്‍ത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ടുകളിലും കാരാപ്പുഴ, ബാണാസുര റിസര്‍വോയറുകളിലും മീന്‍കൃഷിയുണ്ട്. കൂടുകളിലെ മത്സ്യകൃഷി രീതിയാണ് ഇവിടങ്ങളില്‍.
2005 മുതല്‍ ഫിഷറീസ് വകുപ്പും മറ്റ് ഏജന്‍സികളും നടത്തിയ ഇടപെടലുകളാണ് ജില്ലയില്‍ ശുദ്ധജല മത്സ്യകൃഷി വികസനത്തിനു വഴിയൊരുക്കിയത്. ജലസേചനത്തിനായി നിര്‍മിച്ച കുളങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിനു വഴങ്ങി മീന്‍കൃഷി തുടങ്ങിയ കര്‍ഷകര്‍ കൈവശഭൂമിയില്‍ കൂടുതല്‍ കുളങ്ങള്‍ നിര്‍മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പിന്നീടുകണ്ടത്. നാലും അഞ്ചും കുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നവര്‍ ജില്ലയിലുണ്ട്. 2006-07ല്‍ 128 ടണ്‍ ആയിരുന്നു ജില്ലയില്‍ മത്സ്യോല്‍പാദനം. ഏകദേശം 50 ഹെക്ടറിലായിരുന്നു കൃഷി. ഇതാണ് പിന്നീട് പലമടങ്ങായത്.
ശുദ്ധജലാശയങ്ങളില്‍നിന്നു എത്തുന്ന മത്സ്യങ്ങള്‍ക്കു രുചി കുറവാണെന്ന അഭിപ്രായം ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചരിച്ചതാണ് വിപണിയില്‍ ഡിമാന്റ് കുറയാന്‍ കാരണമായതെന്നു പൊഴുതനയിലെ മത്സ്യക്കര്‍ഷകന്‍ അബ്ദുല്‍ റഷീദ് പറഞ്ഞു. അശാസ്ത്രീയമായും കോഴിവേസ്റ്റും മറ്റും തീറ്റയായി നല്‍കിയും നടത്തുന്ന കൃഷിയാണ് മത്സ്യങ്ങളുടെ രുചിക്കുറവിനും അതുവഴി ഡിമാന്റ് നഷ്ടത്തിനും ഇടയാക്കിയതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അശാസ്ത്രീയമായി വിളയിച്ച മത്സ്യം ഒരിക്കല്‍ ഉപയോഗിച്ചു അതൃപ്തനായ ഉപഭോക്താവ് പിന്നീട് ഒരുതരം ശുദ്ധജല മത്സ്യത്തോടും ആഭിമുഖ്യം കാട്ടുന്നില്ല. ഹോട്ടല്‍, റസ്റ്റാറന്റ് നടത്തിപ്പുകാരും രുചിക്കുറവ് ന്യൂനതയായി ചൂണ്ടിക്കാട്ടി ശുദ്ധജല മത്സ്യം വാങ്ങുന്നതില്‍ വിമുഖത കാട്ടുകയാണ്.
ശുദ്ധജല മത്സ്യ കര്‍ഷകര്‍ക്കു ന്യായവില ഉറപ്പുവരുത്തുന്നതിനു ഫിഷറീസ് വകുപ്പ് ഇടപെടല്‍ നടത്തിവരികയാണെന്നു ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിക് ബാബു പറഞ്ഞു. മത്സ്യം ശാസ്ത്രീയമായി ഉത്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കര്‍ഷകരെ ബോധവത്കരിക്കുന്നുണ്ട്. ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനു മത്സ്യ കര്‍ഷക സംഘങ്ങള്‍ക്കു പിന്തുണ നല്‍കാനും നടപടി സ്വീകരിച്ചുവരികയാണ്. വിപണി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ വെള്ളാരംകുന്ന്, കാരാപ്പുഴ നെല്ലാറച്ചാല്‍, ബാണാസുരസാഗര്‍ അണ പരിസരം എന്നിവിടങ്ങളില്‍ ശുദ്ധജല മത്സ്യ ചില്ലറ വില്‍പന ശാലകള്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles