പിന്നണി ഗായികയായി ചുവടുറപ്പിച്ച് വൈഗ

കല്‍പറ്റ: പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച് വയനാട് സ്വദേശിനി. പിണങ്ങോട് ഐശ്വര്യയില്‍
ശ്രീധരന്‍-സുചിത്ര ദമ്പതികളുടെ മകള്‍ വൈഗയാണ്(സൗമ്യ ബിജോയ്)സിനിമാഗാനാലാപനത്തിലൂടെ ശ്രദ്ധേയയാകുന്നത്. ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ തമി എന്ന ചിത്രത്തിലാണ് വൈഗ ആദ്യം പാടിയത്. ‘മിയ സുഹാ രംഗി’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകരുടെ പ്രസംസ നേടിയിരുന്നു. ഇന്നു പ്രദര്‍ശത്തിനെത്തുന്ന ‘രണ്ട് രഹസ്യങ്ങള്‍’ എന്ന ചിത്രത്തിലും വൈഗയുടെ പാട്ടുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ബിജിബാലിനൊപ്പമാണ് പുതിയ സിനിമയില്‍ പാടിയത്. വിജയകുമാര്‍ പ്രഭാകരന്റേതാണ് ഗാനരചന. സംഗീത സംവിധാനം വിശ്വജിത്ത്.
സമൂഹമാധ്യമത്തില്‍ പാടിയ ഒരു ഗാനം സംഗീതസംവിധായകന്‍ വിശ്വജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്
വൈഗയ്ക്കു സിനിമയില്‍ പാടാന്‍ വഴി തുറന്നത്. സംഗീതാഭിരുചിയുള്ള കുടുംബത്തിലാണ് വൈഗയുടെ ജനനം. ആദ്യ ഗുരു അമ്മയാണ്. മൂന്നു വയസു മുതല്‍ സംഗീതവും നൃത്തവും അഭ്യസിച്ചു. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം കലാതിലകമായിരുന്നു. സംഗീതരംഗത്തെ പ്രമുഖരായ പി.ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, ബിജു നാരായണന്‍ തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്. വിവാഹശേഷം ദുബായില്‍ താമസിച്ചിരുന്നപ്പോള്‍ കൈരളി ടി.വിയുടെ ‘വോയ്‌സ് ഓഫ് യു.എ.ഇ 2014’ പുരസ്‌കാരം നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമാണ് വൈഗ. ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയിയും മകള്‍ ശ്രദ്ധയും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles