സമ്പുഷ്ടീകരിച്ച അരി വിതരണത്തില്‍ പ്രതിഷേധം വ്യാപകം

കല്‍പറ്റ:സമ്പുഷ്ടീകരിച്ച അരി വയനാട്ടില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതില്‍ പ്രതിഷേധം വ്യാപകം. കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി ജില്ലയില്‍ വിതരണം ചെയ്യുന്നതു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നതും ജനദ്രോഹവുമാണെന്ന അഭിപ്രായത്തിലാണ് ജില്ലയിലെ ഒരു വിഭാഗം കര്‍ഷക, പരിസ്ഥിതി, ആദിവാസി പ്രസ്ഥാനങ്ങള്‍. സമ്പുഷ്ടീകരിച്ച അരിയുടെ ഉപയോഗം സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികളുടെ അകാല മരണത്തിനുപോലും ഇടയാക്കുമെന്നു രാജേഷ് കൃഷ്ണന്‍(തിരുനെല്ലി കര്‍ഷക ഉത്പാദക സംഘം), ബാലന്‍ പൂതാടി (ദേശീയ ആദിവാസി ഫെഡറേഷന്‍), എം. നാരായണന്‍ (ആദിവാസി ഫെഡറേഷന്‍), എന്‍. ബാദുഷ, തോമസ് അമ്പലവയല്‍(വയനാട് പ്രകൃതി സംരക്ഷണ സമിതി), അഡ്വ.കെ.ജി. രാമചന്ദ്രന്‍ (കീ സ്‌റ്റോണ്‍), എന്‍. ദിലീപ്കുമാര്‍, പി. ഹരിഹരന്‍( കിസാന്‍ ജ്യോതി ഫാര്‍മേഴ്‌സ് ക്ലബ്, തോമാട്ടുചാല്‍)എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം നിര്‍ത്തിവെക്കണമെന്നു അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ധര്‍ ഭക്ഷ്യവസ്തുക്കള്‍ കൃത്രിമമായി സമ്പുഷ്ടീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കണിക്കുന്നുണ്ട്. എന്നിരിക്കേ ജില്ലയില്‍ സമ്പൂഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നതു ജനതയോടും തദ്ദേശീയ കാര്‍ഷിക സംസ്‌കൃതിയോടും വൈവിധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യത്തോടുമുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് സമ്പൂഷ്ടീകരിച്ച അരി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
2018ലെ കേന്ദ്ര ഭക്ഷ്യ സുരക്ഷ (ഭക്ഷ്യസമ്പുഷ്ടീകരണം)നിയന്ത്രണങ്ങള്‍, 2021 ഓഗസ്റ്റ് 27മുതല്‍ പ്രാബല്യത്തിലുള്ള പുതുക്കിയ മാര്‍ഗരേഖ എന്നിവയില്‍ തലാസീമിയ രോഗമുള്ളവര്‍ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലേ ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം കഴിക്കാവൂ എന്നും അരിവാള്‍ രോഗികള്‍ ഇത്തരം ഭക്ഷണം കഴിക്കരുതെന്നും പ്രത്യേകം പറയുന്നുണ്ട്. തലാസീമിയ രോഗമുള്ളവര്‍ക്കും കുറഞ്ഞ അളവില്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഇരുമ്പ് കൃത്രിമമായി സമ്പുഷ്ടീകരിച്ച ഭക്ഷണം നിര്‍ദേശിക്കുന്നില്ലെന്നു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയതാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ചു സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യുന്നത് അശാസ്ത്രീയ നടപടിയാണ്. പുത്തന്‍ ഭക്ഷ്യവ്യവസായ മേഖലയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നു സംശയിക്കണം. അരിവാള്‍ രോഗം ഉള്ളവരില്‍ കൃത്രിമമായി ഇരുമ്പുചേര്‍ത്ത ഭക്ഷണം ഇരുമ്പിന്റെ ആധിക്യത്തിനും കരള്‍, ഹൃദയം, ഹോര്‍മോണ്‍ വ്യവസ്ഥ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറുകണക്കിനു അരിവാള്‍ രോഗികളുള്ള ജില്ലയാണ് വയനാട്.
തലാസീമിയ രോഗമുള്ളവരില്‍ ഹൃദയ രോഗങ്ങള്‍ക്കും കരള്‍ ഫൈബ്രോസിസിനും പ്രത്യുത്പാദന രോഗങ്ങള്‍ക്കും വളര്‍ച്ച മുരടിപ്പിനും കൃത്രിമമായി ഇരുമ്പ് ചേര്‍ത്ത ഭക്ഷണം കാരണമാകും. മലേറിയ, ക്ഷയം പോലുള്ള അണുബാധകള്‍ ഉള്ളവരിലും ഇരുമ്പിന്റെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കരണമാകും.
ജില്ലയില്‍ മുപ്പത്തഞ്ചോളം പരമ്പരാഗത നെല്ലിനങ്ങളും കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച നെല്ലിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കൃത്രിമമായി സമ്പുഷ്ടീകരിച്ച അരിക്കു പകരം ജില്ലയില്‍ വിളയുന്ന പോഷകമൂല്യമുള്ള നെല്ലിനങ്ങളില്‍നിന്നു ഉത്പാദിപ്പിക്കുന്ന അരി സംഭരിച്ച് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുകാണ് വേണ്ടത്. ഇതു നെല്‍ക്കൃഷി പ്രോത്സാഹനത്തിനും വഴിയൊരുക്കും. പോഷകസമൃദ്ധമായ മറ്റു പ്രാദേശിക വിളകളും ഇലക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ നടപ്പിലാക്കണമെന്നും കര്‍ഷക, പരിസ്ഥിതി, ആദിവാസി സംഘടനാനേതാക്കള്‍ ആവശ്യപ്പെടുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles