ലൈഫ് ഭവന പദ്ധതി; അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

കല്‍പറ്റ: ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക ജില്ലയില്‍ പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരായി 17190 പേരും ഭൂമിയും വീടുമില്ലാത്ത 5765 പേരുമായിആകെ 22955 പേരാണ്പട്ടികയിലുള്ളത്.ഭൂമിയുള്ള ഭവനരഹിതരില്‍ 15790 പേര്‍ ഗ്രാമപഞ്ചായത്തിലും 1476 പേര്‍ മുനിസിപ്പാലിറ്റിയിലുമാണ്. ഭൂമിയില്ലാത്ത ഭവനരഹിതരില്‍ 4645 പേര്‍ ഗ്രാമപഞ്ചായത്തിലും 1119 പേര്‍ മുനിസിപ്പാലിറ്റിയിലുമാണ്.
ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്ത് തിരുനെല്ലിയും (1096) ഏറ്റവും കുറവ് കോട്ടത്തറയും (304) ആണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ അര്‍ഹരായിരിക്കുന്നത് മാനന്തവാടിയിലാണ് – 560 പേര്‍, കുറവ് കല്‍പ്പറ്റയിലാണ്- 402 പേര്‍.
ഓണ്‍ലൈനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ ആദ്യഘട്ട പരിശോധനയും ജില്ലാ കലക്ടര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ രണ്ടാംഘട്ട പരിശോധനയും കഴിഞ്ഞ് തയ്യാറാക്കിയ കരട് പട്ടികയില്‍ ബ്ലോക്ക് തലത്തില്‍ ഒന്നാം അപ്പീലും, ജില്ലാതലത്തില്‍ രണ്ടാം അപ്പീലും സ്വീകരിക്കുകയും അവ പരിശോധിച്ചു തീര്‍പ്പാക്കുകയും ചെയ്തശേഷം ഈ പട്ടിക ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് അപ്പീല്‍ സമര്‍പ്പിച്ചവരില്‍ പരിഗണനലഭിച്ചിട്ടില്ലാത്തവരെ ഗ്രാമസഭയില്‍ അര്‍ഹനാണെന്ന് കണ്ടെത്തിയാല്‍ അവരെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്തിമ പട്ടികയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഇത്തവണ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറായിട്ടുള്ളത്. വിധവകള്‍, ഭിന്നശേഷിക്കാര്‍, മാരകരോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുള്ള കുടുംബങ്ങള്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയ ക്ലേശ ഘടകങ്ങള്‍ ഉള്ള ഗുണഭോക്താക്കള്‍ക്കാണ് പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. ഈ ലിസ്റ്റ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്ക് ഇത് പരിശോധിക്കാവുന്നതാണെന്നും ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles