മെഡിക്കല്‍ കോളജ്: ആക്ഷന്‍ കമ്മിറ്റിയും കേരള കോണ്‍ഗ്രസ്-ജേക്കബും കൊമ്പുകോര്‍ക്കുന്നു

കല്‍പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജ് വിഷയത്തില്‍ ആക്ഷന്‍ കമ്മിറ്റിയും കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗവും കൊമ്പുകോര്‍ക്കുന്നു. ആക്ഷന്‍ കമ്മിറ്റിക്കു വിശ്വാസ്യതയില്ലെന്ന കേരള കോണ്‍ഗ്രസ്-ജേക്കബ് വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്റെ ആരോപണത്തോടു ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കാണ് ആക്ഷന്‍ കമ്മിറ്റി നേതൃത്വം. മെഡിക്കല്‍ കോളജ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ്-ജേക്കബിനു ഓന്തിന്റെ സ്വഭാവമാണെന്നു ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി. ഫിലിപ്പുകുട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, ട്രഷറര്‍ വി.പി. അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തിലാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് നേതൃത്വം ആക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസ്യത ചോദ്യം ചെയ്തത്. മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കു സമീപം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തിവരുന്നതിനിടെയായിരുന്നു ഇത്.
‘ചന്ദ്രപ്രഭ ട്രസ്റ്റില്‍നിന്നു എറ്റെടുത്ത 50 ഏക്കറില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ച ആക്ഷന്‍ കമ്മിറ്റിയുമായി നിസഹകരിച്ചവരാണ് നിലവില്‍ പുതിയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുന്നത്. ഈ ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹിത്വത്തില്‍ രണ്ടോ മൂന്നോ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കു മാത്രമാണ് പ്രാതിനിധ്യം. ട്രസ്റ്റ് വിട്ടുകൊടുത്ത ഭൂമി ഉള്‍പ്പെടുന്ന കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ടവര്‍ പോലും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇല്ല. 2018ലെ പ്രളയത്തിനു പിന്നാലെ, സ്ഥലം പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശത്താണെന്നു പറഞ്ഞാണ് സര്‍ക്കാര്‍ മടക്കിമല ഗവ.മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിനായി ചുണ്ടേല്‍ വില്ലേജില്‍ സ്ഥലം ഏറ്റെടുക്കുന്നതിനും മേപ്പാടി താഴെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് വിലയ്ക്കുവാങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കാനും നീക്കം നടന്നു. അപ്പോഴെല്ലാം പുതിയ ആക്ഷന്‍ കമ്മിറ്റിക്കു നേതൃത്വം നല്‍കുന്നവരെല്ലാം മൗനത്തിലായിരുന്നു’. എന്നിങ്ങനെയായിരുന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് നേതൃത്വത്തിന്റെ ആരോപണം.
മടക്കിമല മെഡിക്കല്‍ കോളജ് പദ്ധതി തത്പര കക്ഷികള്‍ അട്ടിമറിച്ചതിനെതിരേ ചെറുവിരല്‍ പോലും അനക്കാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് എന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വിമര്‍ശിച്ചു. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത മാനന്തവാടി ബോയസ് ടൗണിലെ സ്ഥലം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്ളതാണെന്നാണ് പനമരം സ്വദേശിയായ കേരള കോണ്‍ഗ്രസ്-ജേക്കബ് വര്‍ക്കിംഗ് ചെയര്‍മാന്‍ മുമ്പ് പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം ആക്ഷന്‍ കമ്മിറ്റിക്കെതിരേ തിരിഞ്ഞത് ദുരൂഹമാണ്.
നേരത്തേ പ്രവര്‍ത്തിച്ച ആക്ഷന്‍ കമ്മിറ്റിയുമായി നിസഹകരിച്ചവരാണ് പുതിയ ആക്ഷന്‍ കമ്മിറ്റിക്കു പിന്നിലെന്ന കേരള കോണ്‍ഗ്രസ്-ജേക്കബ് വര്‍ക്കിംഗ് ചെയര്‍മാന്റെ ആരോപണം ബാലിശമാണ്. മടക്കിമല മെഡിക്കല്‍ കോളജ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനു പകരം യുഡിഎഫ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു വേണ്ടത്. അതിനു കഴിയാതെപോയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. മെഡിക്കല്‍ കോളജിനായി ചുണ്ടേലില്‍ ഭൂമി കണ്ടെത്താനും പിന്നീട് സ്വകാര്യ മെഡിക്കല്‍ കോളജ് വിലയ്ക്കു വാങ്ങാനും നീക്കം നടന്നപ്പോള്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് മാളത്തില്‍ ഒളിക്കുകയാണ് ചെയ്തത്. ഭൂമി പ്രകൃതിദുരന്ത സാധ്യതാമേഖലയിലാണെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ പറയുന്നതായി പ്രചരിപ്പിച്ചാണ് മടക്കിമല മെഡിക്കല്‍ കോളജ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചത്. എന്നാല്‍ ജിഎസ്‌ഐ റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കാനും യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കാനും കേരള കോണ്‍ഗ്രസ്-ജേക്കബ് നേതൃത്വം തയാറായില്ല. ബോയ്‌സ് ടൗണില്‍ ആരോഗ്യവകുപ്പിന്റെ കൈവശം ഉണ്ടായിരുന്ന സ്ഥലം ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനെ ഏല്‍പ്പിച്ച് മെഡിക്കല്‍ കോളജ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുമ്പോഴും പ്രസ്താവന നടത്തി ഒഴിയുകയാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് നേതൃത്വം ചെയ്തത്. ഇത്തരം നിലപാടല്ല ആക്ഷന്‍ കമ്മിറ്റിയുടേത്. രണ്ടോ മൂന്നോ പഞ്ചായത്തില്‍പ്പെട്ടവര്‍ മാത്രമാണ് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഉള്ളതെന്ന ആരോപണം പരിഹാസ്യമാണ്. വിവിധ പഞ്ചായത്തുകളില്‍നിന്നുള്ള പ്രതിനിധികള്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളാണ്. ആക്ഷന്‍ കമ്മിറ്റിയുടെ ശക്തിയും പ്രസക്തിയും ജില്ലയിലെ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടുവരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles