വയനാട്ടില്‍ വന്യമൃഗ പരിചരണ-സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലില്‍ പ്രവര്‍ത്തനം തുടങ്ങിയ വന്യമൃഗ പരിചരണ-സംരക്ഷണ കേന്ദ്രം.

ബത്തേരി-സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ-സംരക്ഷണ കേന്ദ്രം വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലില്‍ പ്രവര്‍ത്തനം തുടങ്ങി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗിര്‍ദേശങ്ങള്‍ പാലിച്ച് 1.14 കോടി രൂപ ചെലവിലാണ് രണ്ടു ഹെക്ടര്‍ വനഭൂമിയില്‍കേന്ദ്രം ഒരുക്കിയത്. ഒരേസമയം നാലു കടുവകളെയോ പുള്ളിപ്പുലികളെയോ വനസമാനമായ പുല്‍പറമ്പോടുകൂടിയ കേന്ദ്രത്തില്‍ സംരക്ഷിക്കാനാകും. പ്രായാധിക്യം, രോഗങ്ങള്‍, പരിക്കുകള്‍ എന്നിവ മൂലം ജനവാസ മേഖലയിലെത്തുന്ന കടുവ, പുള്ളിപ്പുലി എന്നിവയെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനാണ് കേന്ദ്രം സ്ഥാപിച്ചത്.
കേന്ദ്രത്തിന്റെ ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനു സര്‍ക്കാര്‍ ശാസ്്തീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിവരികയാണെന്നു അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുളള നഷ്ടപരിഹാര കുടിശ്ശിക മാര്‍ച്ച് മുതല്‍ നല്‍ക്കുമെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാനുളള ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്ത് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ആന്‍ഡ് സി.സി.എഫ് വൈല്‍ഡ് ലൈഫ് കെ.വി.ഉത്തമന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി.കെ.വിനോദ് കുമാര്‍, പി.സി.സി.എഫ് ഡി.ജയപ്രസാദ്, എ.സി.എഫ് ജോസ് മാത്യു, സി.എഫ്.ഐ. ജെ.ദേവപ്രസാദ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.നരേന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles