സാമൂഹിക സുരക്ഷ പദ്ധതി: മുന്‍പേ നടന്ന് നെന്മേനി

സുല്‍ത്താന്‍ ബത്തേരി: ചുരുങ്ങിയ തുക പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ മുഴുവന്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് മാതൃകയായി നെന്മേനി ഗ്രാമ പഞ്ചായത്ത്. ഒരു മാസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും പദ്ധതിയില്‍ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് ജനപ്രതിനിധികളും ജീവനക്കാരും ആദ്യമേ സ്‌കീമില്‍ ചേര്‍ന്നത്. 20 രൂപ പ്രീമിയം അടച്ചാല്‍ അപകട മരണത്തിനും പൂര്‍ണമായ അംഗവൈകല്യത്തിനും 2 ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് 1 ലക്ഷം രൂപയുമാണ് ഒരാളുടെ പേരില്‍ ലഭിക്കുക. 18 മുതല്‍ 70 വയസ് വരെയാണ് പ്രായപരിധി. 436 രൂപ പ്രീമിയം അടച്ചാല്‍ എല്ലാ മരണങ്ങള്‍ക്കും 2 ലക്ഷം രൂപ നോമിനിക്ക് കിട്ടുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. 18 മുതല്‍ 50 വയസ് വരെയാണ് ഈ പദ്ധതിയുടെ പ്രായപരിധി. രണ്ടിലും ചേര്‍ന്ന് 456 രൂപ അടച്ചാല്‍ മരണത്തിന് 4 ലക്ഷം രൂപയും നോമിനിക്ക് ലഭിക്കും. സാധാരണക്കാര്‍ക്ക് വളരെ കുറഞ്ഞ ചിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്ന പദ്ധതിയായതിനാല്‍ ആണ് ഇത്തരമൊരു പ്രവര്‍ത്തന പരിപാടിക്ക് മുന്നിട്ടിറങ്ങിയതെന്ന് ഭരണ സമിതി നേതൃത്വം പറഞ്ഞു. മുഴുവന്‍ ആളുകളെയും അംഗങ്ങളാക്കുന്നതിനായി വിപുലമായ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകള്‍ കയറിയിറങ്ങി ഫോമുകള്‍ പൂരിപ്പിച്ചു വാങ്ങും. ആവശ്യമെങ്കില്‍ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ക്ലാസുകളെടുക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഇന്‍ഷുറന്‍സിനായുള്ള ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സമ്മതപത്രം ലീഡ് ബാങ്ക് മാനേജര്‍ വിപിന്‍ മോഹനന് കൈമാറി. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, സ്ഥിരംസമിതി അധ്യക്ഷരായ ജയ മുരളി, കെ.വി ശശി, സുജാത ഹരിദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ടി ബേബി, ബിന്ദു അനന്തന്‍, കെ.വി കൃഷ്ണന്‍ കുട്ടി, ഷാജി കോട്ടയില്‍, പഞ്ചായത്ത് സെക്രട്ടറി കോമളവല്ലി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, ലീഡ് ബാങ്ക് ഫിനാന്‍സ് കൗണ്‍സിലര്‍ വി സിന്ധു പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles