ജാലവിദ്യാലോകത്ത് വയനാടന്‍ സാന്നിധ്യമായി ശശി താഴത്തുവയല്‍

മജീഷ്യന്‍ ശശി(ഇടത്) ഭാര്യ ഷീജ, മക്കളായ ശ്യാമിലി, ശരണ്യ, മുഖ്യസഹായി ജോണ്‍ അപ്പാലിക്കുന്നേല്‍ എന്നിവര്‍ക്കൊപ്പം.

കല്‍പറ്റ-ബാല്യത്തില്‍ തെരുവോരങ്ങളില്‍ അരങ്ങേറുന്ന മാന്ത്രിക കലാപ്രകടനങ്ങള്‍ കണ്ണിമ ചിമ്മാതെ നോക്കിനിന്നിട്ടുണ്ട് ബത്തേരി താഴത്തുവയല്‍ ആലുങ്കല്‍ ശശി. ഇന്നു ലോക ജാലവിദ്യാരംഗത്തെ വിസ്മയമാണ് ഈ അമ്പത്തിയേഴുകാരന്‍. കണ്‍കെട്ടുവിദ്യയില്‍ ഏറ്റവും അപകടംപിടിച്ച ഫയര്‍ എസ്‌കേപ്പ് ശശി 2005ല്‍ മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഗ്രൗണ്ടില്‍ വിജയകരമായി നടത്തി. ഏറ്റവും ഒടുവില്‍ ഇന്റര്‍ നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് ഓണ്‍ലൈനില്‍ നടത്തിയ അന്താരാഷ്ട്ര മാജിക് മത്സരത്തില്‍ ഒന്നാം സ്ഥാനം തുര്‍ക്കിയിലെ വാല്‍ക്കന്‍ കുഹയുമായി ശശി പങ്കിട്ടു. ഇന്ത്യക്കും തുര്‍ക്കിക്കും പുറമേ പാക്കിസ്താന്‍, ഘാന, മെക്‌സികോ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള 100 ജാലവിദ്യക്കാര്‍ പങ്കെടുത്തതായിരുന്നു മത്സരം.
മാന്ത്രികവിദ്യയില്‍ ശശിക്കു പേരെടുത്തുപറയാന്‍ ശിക്ഷകനില്ല. ചെറുപ്പത്തില്‍ മനസ്സില്‍ വിസ്മയം നിറച്ച തെരുവോര ചെപ്പടിവിദ്യക്കാരെല്ലാം തന്റെ ഗുരുക്കന്‍മാരാണമെന്നു ശശി പറയുന്നു. തെരുവോരത്തു കണ്ട ജാലവിദ്യകള്‍ ഗൃഹപാഠം ചെയ്താണ് മാജിക്കിലെ സൂത്രങ്ങള്‍ സശി കരഗതമാക്കിയത്. 1995ല്‍ കൊല്ലം ഹിപ്‌നോ സ്റ്റഡി സെന്ററില്‍നിന്നു ഹിപ്‌നോട്ടിസത്തില്‍ കരസ്ഥമാക്കിയ ഡിപ്ലോമ ഇരുത്തംവന്ന മജീഷ്യനിലേക്കു അദ്ദേഹത്തെ വഴിനടത്തി. ഇതിനകം കേരളത്തിനകത്തും പുറത്തുമായി 2,000ല്‍പരം വേദികളിലാണ് ജാലവിദ്യകള്‍ അവതരിപ്പിച്ച് ശശി കരഘോഷം നേടിയത്.
ആലുങ്കല്‍ പരേതനായ കൃഷ്ണന്‍-ജാനകി കര്‍ഷക ദമ്പതികളുടെ മകനാണ് ശശി. ഭാര്യ ഷീജയും എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനി ശരണ്യയും ബി.ടെക് കംപ്യൂട്ടര്‍ സയന്‍സിനു പഠിക്കുന്ന ശ്യാമിലിയും അടങ്ങുന്നതാണ് കുടുംബം. വേദികളിലെ ജാലവിദ്യ അവതരണത്തില്‍ പലപ്പോഴും ഭാര്യയും മക്കളുമാണ് സഹായികള്‍. അയല്‍വാസിയുമായ അപ്പാലിക്കുന്നേല്‍ ജോണ്‍ ആണ് മുഖ്യ സഹായി.
മാജിക്കിനെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായ പ്രാചരണത്തിനും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍, എയ്ഡ്‌സ്, മഴക്കാല രോഗങ്ങള്‍, രക്തദാനം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണത്തിനും ശശി ഉപയോഗപ്പെടുത്തുന്നുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, അങ്ങാടികള്‍, പട്ടികവര്‍ഗ കോളനികള്‍ എന്നിവിടങ്ങളിലായി നൂറുകണക്കിനു ബോധവത്കരണ മാജിക്‌ഷോകളാണ് ഇതിനകം നടത്തിയത്. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ടു 2007ല്‍ മീനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ മമ്മി എസ്‌കേപ്പ് എന്ന അപകടം നിറഞ്ഞ ജാലവിദ്യ ശശി അവതരിപ്പിക്കുകയുണ്ടായി. സ്വന്തമായി മാജിക് ട്രൂപ്പുള്ള ശശി സ്റ്റേജ് ഷോകളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
35 വര്‍ഷങ്ങളായി തുടരുന്ന കലാജീവിതത്തിനിടെ നിരവധി പുരസ്‌കാരങ്ങളും ശശിയെ തേടിയെത്തി.സു വര്‍ണ വിസ്മയം അവാര്‍ഡ്, കെ.എം.എ മായാമാന്ത്രിക ഇന്ദ്രജാല പുരസ്‌കാരം, മാജിക്കല്‍ റിയലിസം ഇന്ദ്രജാല പുരസ്‌കാരം, മാന്ത്രികരത്‌ന പുരസ്‌കാരം… ഇങ്ങനെ നീളുന്നതാണ് ശശിക്കു ലഭിച്ച അംഗീകാരങ്ങള്‍. 2019ലെ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് ജേതാവാണ് ശശി. കഴിഞ്ഞവര്‍ഷം വിയറ്റ്‌നാമിലെ ക്ലബ് മാജിക് ടണ്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരത്തിലും വാഴക്കുന്നം അഖില കേരള മായാജാല മത്സരത്തിലും രണ്ടാമനായിരുന്നു. മലയാളി മജീഷ്യന്‍സ് അസോയിയേഷന്‍ എറണാകുളത്തു സംഘടിപ്പിച്ച ഓള്‍ കേരള മാജിക് മത്സരത്തിലും രണ്ടാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. മജീഷ്യന്‍മാര്‍ക്കായി ശശി ക്ലാസുകളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published.

Social profiles