മരിയനാട് എസ്റ്റേറ്റ് ഭൂസമരം:
വയനാട് കലക്ടറേറ്റിലേക്കു ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി

വയനാട് കലക്ടറേറ്റ് പടിക്കല്‍ ആദിവാസി സംഘടനകള്‍ നടത്തിയ ധര്‍ണ അരിപ്പ ഭൂ സമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. മരിയനാട് എസ്റ്റേറ്റില്‍ മെയ് 31ന് ആദിവാസികള്‍ ആരംഭിച്ച കുടില്‍ കെട്ടല്‍ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഭൂമി ഭൂരഹിതര്‍ക്കു പതിച്ചു നല്‍കണമെന്നു ആവശ്യപ്പെട്ടുമായിരുന്നു സമരം. അരിപ്പ ഭൂസമര സമിതി നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉദ്ഘാടനം ചെയ്തു. ഇരുളം ഭൂസമര സമിതി പ്രതിനിധി ബി.വി.ബോളന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ സി.എസ്.മുരളി, എ.ചന്തുണ്ണി, ഷാജന്‍ പയ്യമ്പള്ളി, തങ്കച്ചന്‍ കോട്ടയം, ബാബു എല്ലക്കൊല്ലി, വി.മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ സ്വാഗതവും ഓമന ചുള്ളിയോട് നന്ദിയും പറഞ്ഞു.
വനം വികസന കോര്‍പറേഷന്‍ തോട്ടമാക്കി കൈവശം വെച്ചിരുന്ന 500 ഏക്കറിലധികം വരുന്ന മരിയനാട് എസ്റ്റേറ്റ് 2003ലെ മുത്തങ്ങ പ്രക്ഷോഭത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവെച്ച ഭൂമി’ എന്ന് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ, എസ്റ്റേറ്റ് ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ വനം വകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ല.മാത്രമല്ല, തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുപകരം വിളവെടുപ്പിനു വനം വകുപ്പ് ഒത്താശ ചെയ്തു. 18 വര്‍ഷമായി കോടികളുടെ വിഭവ കൊള്ളയാണ് വനം വകുപ്പിന്റെ അറിവോടെ തൊഴിലാളികളുടെ പേരില്‍ ചിലര്‍ നടത്തിയിരുന്നത്. മുത്തങ്ങയില്‍നിന്നും കുടിയിറക്കിയ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാന്‍ 2014-ല്‍ നടപടി എടുത്തപ്പോഴും സുപ്രീം കോടതി വിധി പോലും കാറ്റില്‍ പറത്തി വിഭവ കൊള്ള തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് കുടില്‍ കെട്ടല്‍ സമരം ആരംഭിച്ചതെന്നു എം.ഗീതാനന്ദന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles