പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകള്‍-കല്‍പറ്റ നാരായണന്‍

കണിയാമ്പറ്റയില്‍ വായന പക്ഷാചരണം വയനാട് ജില്ലാതല ഉദ്ഘാടനത്തില്‍ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്‌കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍.കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന പക്ഷാചരണം വയനാട് ജില്ലാതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറുന്ന കാലത്ത് വിഭിന്ന ഭാവങ്ങള്‍ വന്നെങ്കിലും ആധുനിക സൗകര്യത്തിലും പരന്ന വായന സാധ്യമാണ്. രണ്ടായിരം വര്‍ഷങ്ങളുടെ അറിവിന്റെയും ഓര്‍മകളുടെയും മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സഞ്ചാരം പോലും പുസ്തകങ്ങളിലൂടെ അനായാസം കൈമാറ്റം ചെയ്യപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് നിര്‍മിക്കുന്ന സുന്ദര ലോകം പരിണാമങ്ങള്‍ക്ക് വിധേയമാകുമ്പോഴും അക്ഷരങ്ങളുലൂടെ മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകള്‍ മഹത്തരമാണ്. തലമുറകള്‍ക്ക് വെളിച്ചമേകിയ ചരിത്ര ഗ്രന്ഥങ്ങള്‍ മനുഷ്യരാശിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ കൂടിയാണ്. ശാസ്ത്രജ്ഞാനം പോലും പുസ്തകങ്ങളിലൂടെയും വായനയിലൂടെയും വിനിമയം ചെയ്യപ്പെടുന്നു. ഇന്ന് നാം അറിഞ്ഞതൊക്കെയും വായനയിലൂടെയാണ്. നൂറ്റാണ്ടുകളുടെ ചരിത്രവഴികളെയും പിന്നിട്ട് വിവിധ തലത്തിലൂടെ വായന പുതിയ കാലത്തിലൂടെയും കുതിക്കുകയാണ്. ലോക ചരിത്രത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തികളില്‍ പലരുടെയും ജീവിതം മാറ്റിമറിച്ചതിന് പിന്നില്‍ മഹദ്ഗ്രന്ഥങ്ങള്‍ പിന്തുണയേകിയ ആത്മവിശ്വാസങ്ങള്‍ കാണാം. വായനയിലൂടെ സാമൂഹികബോധവും സാംസ്‌കാരികബോധവും വളരുമെന്നതിന് തെളിവാണ് ഇന്ന് ഈ കാണുന്ന നന്‍മകളുടെ ലോകം. കേവലമായ മനുഷ്യായുസ്സിനപ്പുറം അനശ്വരമാണ് പുസ്തകങ്ങളുടെയും വായനയുടെയും ലോകമെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.
ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തലമുറകളെയും സമൂഹത്തെയും ഉദ്‌ബോധിപ്പിക്കുന്നതില്‍ ഗൗരവമേറിയ പരന്ന വായനയ്ക്ക് മുഖ്യപങ്കുണ്ട്. കാലത്തെ അതിജീവിക്കുന്ന പുസ്തകങ്ങള്‍ എക്കാലെത്തയും പ്രചോദനമാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ബി.നസീമ അധ്യക്ഷത വഹിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles