കല്‍പറ്റ ബൈപ്പാസ് റോഡ്: എഞ്ചിനീയര്‍മാക്കെതിരെ നടപടി

തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായ കല്‍പ്പറ്റ ബൈപ്പാസ് റോഡ്

കല്‍പറ്റ: കല്‍പറ്റ ബൈപാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ സസ്‌പെന്റ് ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് സംബന്ധിച്ച് കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോടും എക്‌സിക്യൂട്ടീവ് എഞ്ചീനയറോടും വിശദീകരണം ചോദിക്കുവാനും തീരുമാനിച്ചു. വര്‍ഷങ്ങളായുള്ള കല്‍പറ്റ ബൈപാസ് പ്രശ്‌നം പരിഹരിക്കാന്‍ ജൂണ്‍ നാലിന് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയില്‍ പി.ഡബ്ല്യു.ഡി മിഷന്‍ ടീം യോഗം ചേര്‍ന്നിരുന്നു. കല്‍പറ്റ ബൈപാസിന്റെ പ്രവൃത്തി നീണ്ടുപോകുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നത് യോഗത്തില്‍ പ്രത്യേകമായി ചര്‍ച്ചയുമായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നതും ഉള്‍പ്പെടെ കര്‍ശന നിലപാട് സ്വീകരിച്ചു മുന്നോട്ട് പോകാനും യോഗം തീരുമാനിക്കുകയും ചെയ്തു. യോഗത്തിലെ തീരുമാനങ്ങള്‍ പരിപൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കാത്തതിന്റെ ഭാഗമായാണ് ഇപ്പോള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച് അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇതിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കും. റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തി അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടറോട് വകുപ്പിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് ജില്ല കലക്ടറാണെന്ന് മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles